10:39am 19 April 2026
NEWS
“മനുഷ്യർ കുളിക്കാൻ പാടുപെടുന്ന കാലം അവസാനിക്കുന്നു”; കുളി യന്ത്രം വിപണിയിൽ
30/11/2025  06:54 AM IST
nila
“മനുഷ്യർ കുളിക്കാൻ പാടുപെടുന്ന കാലം അവസാനിക്കുന്നു”; കുളി യന്ത്രം വിപണിയിൽ

ഒസാക വേൾഡ് എക്‌സ്‌പോയിൽ വൻ ഹിറ്റായ ‘മിറായ് ഹ്യൂമൻ വാഷിങ് മെഷീൻ’ ജപ്പാനിൽ ഔദ്യോഗികമായി വിൽപ്പനയ്‌ക്കെത്തിയിരിക്കുകയാണ്. സയൻസ് എന്ന ജാപ്പനീസ് ടെക് കമ്പനിയാണ് മനുഷ്യരെ കുളിപ്പിക്കാനുള്ള യന്ത്രം പുറത്തിറക്കിയത്. മിറായ് നിങ്കേൻ സെന്റകുകി എന്നാണ് ഈ കുളിയന്ത്രത്തിന്റെ പേര്. 

സ്പാ അനുഭവം തന്നെയാണ് ഉപകരണം വാഗ്ദാനം ചെയ്യുന്നത്—മൃദുവായ സംഗീതം, ശാന്തമായ ദൃശ്യങ്ങൾ, ശരീരമൊട്ടാകെ സ്വയം ക്ലീൻ ചെയ്യുക എന്നീ സൗകര്യങ്ങളോടെ. “മനുഷ്യർ കുളിക്കാൻ പാടുപെടുന്ന കാലം അവസാനിക്കുന്നു” എന്നാണ് കമ്പനിയുടെ അവകാശവാദം.

വേൾഡ് എക്‌സ്‌പോയിൽ നിന്ന് ഷോറൂമിലേക്ക്

ആറ് മാസം നീണ്ടുനിന്ന എക്‌സ്‌പോയിൽ കാണികളെ ഏറ്റവും കൂടുതലാകർഷിച്ച ഉപകരണങ്ങളിലൊന്നായിരുന്നു ഈ ഹ്യൂമൻ വാഷർ. ഒക്ടോബറിൽ അവസാനിച്ച എക്‌സ്‌പോയ്ക്ക് 2.7 കോടി ആളുകളാണ് എത്തിയതെന്ന് കണക്കുകൾ സൂചിപ്പിക്കുന്നു. 1970-ലെ ഒസാക എക്‌സ്‌പോയിൽ പ്രദർശിപ്പിച്ച ഹ്യൂമൻ വാഷറിന്റെ സാങ്കേതികതയെ ആധുനിക കാലത്തിന് അനുയോജ്യമായ രീതിയിൽ പരിഷ്കരിച്ചാണ് ഇപ്പോൾ വിപണിയിലെത്തിച്ചിരിത്തുന്നത്. 

 മനസ്സും ശുദ്ധീകരിക്കും

സെൻസറുകളുടെ സഹായത്തോടെ ഉപയോക്താവിന്റെ ഹൃദയമിടിപ്പ്, മാനസികാവസ്ഥ എന്നിവ തിരിച്ചറിയും വിധമാണ് മെഷീൻ രൂപകൽപ്പന ചെയ്തിരിക്കുന്നത്. “ഇത് ശരീരത്തെ മാത്രം കഴുകുന്ന യന്ത്രമല്ല; ആത്മാവിനെയും പുതുക്കുന്ന ഒരു അനുഭവമാണ്,” എന്ന് കമ്പനിയുടെ വക്താവ് സാചികെ മേകുര പറയുന്നു.

അന്താരാഷ്ട്ര വിപണിയിലും ആവേശം

ഒരു അമേരിക്കൻ റിസോർട്ട് ശൃംഖലയ്ക്കൊപ്പം വിവിധ അന്താരാഷ്ട്ര സ്ഥാപനങ്ങളും ഈ ഉപകരണത്തിൽ താത്പര്യം പ്രകടിപ്പിച്ചിട്ടുണ്ട്.  ഒസാകയിലെ ഒരു ഹോട്ടലാണ് ആദ്യമായി ഈ യന്ത്രം വാങ്ങിയത്. അതിഥികൾക്ക് പ്രീമിയം കുളിയാനുഭവം നൽകാനായി ഉപകരണം അവിടെ സ്ഥാപിക്കും. ജപ്പാനിലെ ഇലക്ട്രോണിക് റീട്ടെയിലർ ആയ യമാഡ ഡെൻകിയും സന്ദർശകരെ കൂടുതൽ ആകർഷിക്കുന്നതിനായി തങ്ങളുടെ സ്റ്റോറിലേക്കും ഇത് വാങ്ങി.

എന്നാൽ സയൻസ് ഈ വർഷം വെറും 50 യൂണിറ്റുകൾ മാത്രമാണ് നിർമ്മിക്കാൻ തീരുമാനിച്ചിരിക്കുന്നത്. ഓരോ മെഷീനിന്റെയും വില ഏകദേശം 6 കോടി യെൻ (ഏകദേശം 3.42 കോടി രൂപയാണ്).

മെഷീൻ എങ്ങനെ പ്രവർത്തിക്കുന്നു?

  • ഉപയോക്താവ് ആദ്യം പകുതി ചൂടുവെള്ളം നിറച്ച സുതാര്യമായ ചേംബറിനുള്ളിൽ കയറണം.
  • തുടർന്ന് ഹൈസ്പീഡ് വാട്ടർ ജെറ്റുകൾ മൈക്രോസ്കോപിക് ബബിളുകൾ പുറപ്പെടുവിക്കുന്നു.
  • ബബിൾസ് തട്ടുന്നതിലൂടെ ശരീരത്തിലെ അഴുക്കുകൾ നീങ്ങിപ്പോകും.
  •  വെള്ളത്തിന്റെ ചൂടും മർദവും നിർമ്മിത ബുദ്ധിയുടെ സഹായത്തോടെ നിരന്തരമായി ക്രമീകരിക്കും.
  • ഉപയോക്താവിന്റെ മാനസികാവസ്ഥ വിലയിരുത്തി, മനസ്സിനെ ശാന്തമാക്കുന്ന ചിത്രങ്ങളോ ദൃശ്യങ്ങളോ യന്ത്രം പ്രദർശിപ്പിക്കും.
  • ഭാവിയിലെ ആഡംബര കുളിമുറിയുടെ മാതൃകയെന്ന നിലയിൽ തന്നെ മിറായ് ഹ്യൂമൻ വാഷറിനെ ലോകം കാണുകയാണ്.
ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
WORLD
img